Tuesday, June 26, 2012

മനു ആദ്യമായി കണ്ട കൊച്ചി

ഞാന്‍ വീട്ടിലേക്കു കയറി ചെന്നന്നതും അമ്മ ഒരു പേപ്പറും പിടിച്ചോണ്ട് നില്കുന്നു. " എടാ നിനക്കൊരു ജോലി ശരിയായിട്ടുണ്ട് ''. ജോലിയോ എനിക്ക് ഭയങ്കര സന്തോഷം .
" എവിടെയാ ".
" എറണാകുളത്ത്. അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാ ". അത് കേട്ടതും എന്റെ ചങ്കിടിപ്പ് കൂടി
" ഞാന്‍ പോകൂല്ല ".
രണ്ടു ദിവസം വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളും എല്ലാം നിര്‍ബന്ധിച്ചു. അവസാനം ഞാന്‍ പറഞ്ഞു " നിങ്ങള് വേണേല്‍ എന്നെ അങ്ങ് കൊന്നോ, എന്നാലും ഞാന്‍ പോകൂല്ല കൊച്ചിക്ക്‌ ". പറയാന്‍ കാരണം ഒണ്ടേ. പറയാം
................................................................................

+2, സെക്കന്ടിയര്‍ ആയപ്പതോട്ടു മൂപ്പ് കയറിയതാണ് എങ്ങനെങ്ങിലും ഒരു സയന്റിസ്റ്റ് ആകണമെന്ന്  .  കണ്ടുപിടിത്തങ്ങളുടെ ഈ ലോകത്ത് എന്തെങ്കിലും സംഭാവന ചെയ്യണമെന്നു. വീട്ടുകാരാണെങ്കില്‍  എങ്ങനെങ്കിലും കുത്തിയിരുത്തി പഠിപ്പിച്ച് ഒരു ജോലിക്കയാക്കാനുള്ള പരുപാടി ആയിരുന്നു , ആരുടെയും അടിമയായി ജോലിചെയ്യാന്‍ എന്നെകിട്ടില്ല , എന്റെ ആഗ്രഹം മൊബൈല്‍ ഫോണിലൂടെ മനുഷ്യന് യാത്ര ചെയ്യാനുള്ള മാര്‍ഗം കണ്ടുപിടിക്കണം (സത്യമായിട്ടും matrix കണ്ടപ്പോള്‍ കിട്ടിയ ഐഡിയ അല്ലാട്ടോ ). എന്നിട്ടെന്തായി ..... എന്റെകൂടെ പഠിച്ചതില്‍ ഏറ്റവും ഗ്ലാമര്‍ ഉള്ള പെണ്‍കുട്ടി റിസള്‍ട്ട്‌ നോക്കാന്‍ വന്നപ്പോള്‍ എന്നോട് പറയുവാ, "ഡാ നീ തോറ്റു" എന്ന് . മനപ്പൂര്‍വ്വ, അല്ലെങ്കില്‍ പിന്നെ രണ്ടു വര്‍ഷം ഒന്നിച്ചു പഠിച്ചിട്ടു അവളെന്നോട് ആദ്യമായി സംസാരിക്കുന്നതാ . എന്തായാലും അവള് പറഞ്ഞത് സത്യമായിരുന്നു .

സേ പരീഷ എഴുതി, അത് തോറ്റു. പിറ്റേ രണ്ടു വര്‍ഷവും എഴുതി. അവസാനത്തേതും തൊറ്റന്നറിഞ്ഞു  വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു , " എടി നമ്മടെ പറമ്പോക്കെ അപ്പിടി കാടുപിടിച്ച് കിടക്കുവാ അല്ലെ"..... മനസിലായി ... ഞാന്‍ പയ്യെ ഭിത്തിയില്‍ ചാരിയിരിക്കുന്ന തൂമ്പ എടുത്തു .........


അങ്ങനെയിരിക്കെയാണ് ഫൈസല് വിളിക്കുന്നത്.
" ഡാ ഞങ്ങക്ക് രണ്ടൂസം അവധിയുണ്ട്‌  നീ വരുന്നോ എറണാകുളത്തിന്, നമ്മക്ക് ഒന്ന് കൂടാം, നീ അവിടെ വെറുതെ ഇരിക്കുവല്ലേ ".
ഹും വെറുതെയിരിക്കുന്നു പറമ്പില്‍ പണിതു പണിതു 'റാ' പോലെയായി ( ആത്മഗതം ) 
" ഡാ ഒരു സെകണ്ടേ ഞാന്‍ ഒന്ന് ഷര്‍ട്ട് ഇടട്ടെ "
" ഡാ ഇപ്പഴല്ല നാളെ,     നാളെ വ്യ്കിട്ടു ഇങ്ങു പോരെ "
" ഓ നാളെയാണോ. ശരിഡാ ഞാനവിടെ വന്നിട്ട് വിളിക്കാം. ഡാ പിന്നേ അവിടെ വേറെ ആരാ ഉള്ളത്  "
" മ്മടെ പ്രദീപും ഉമ്മുവും "
" ഓ അവര് നിന്റെകൂടെയാ .."
" അല്ലടാ ഞാന്‍ അവരുടെ കൂടെയാ "
" ഓ ...... ശരിഡാ ഞാനവിടെ വന്നിട്ട് വിളിക്കം "

ഫൈസല് എന്റെകൂടെ പ്ലസ്ടുവില്‍ പഠിച്ചതാ. അവനന്നു പിറകിലത്തെ ബന്ജിലായിരുന്നു , ഞാനാണേങ്കില്‍  പഠിക്കാനുള്ള ഉത്സാഹംകൊണ്ട് ഫസ്റ്റ് ബന്ജിലും. പ്രദീപും ഉമ്മുവും, എന്റെ കൂടെ ഹൈഗ്സ്കൂള്‍ വരെ പഠിച്ചതാ. ഉമ്മുവെന്നു ഞങ്ങളിട്ട പേരാ. ഉമ്മര്‍ എന്നാ ഒറിജിനല്‍.

അവനിപ്പോ ഡിഗ്രി ഫൈനലിയര്‍ ആണ് വല്ലതും ഇരുന്നു പടിക്കാനുള്ളതിനു.

അങ്ങനെ ഞാനാദ്യമായി എറണാകുളത്തിന് പോകുവാ, ആദ്യമായിന്ന് കേട്ട് നിങ്ങള്‍ ഞെട്ടണ്ട . ഹൈറെഞ്ചിന്റെ ഇങ്ങേ മൂലയില്‍ കിടക്കുന്ന ഞാനെങ്ങനെ ഏറണാകുളം കാണാനാ, അല്ലങ്കില്‍ പിന്നെ എറണാകുളം ഇങ്ങോട്ടുവരണം, ചെറിയ ചെറിയ എറണാകുളങ്ങളൊക്കെ ജീന്‍സും ബനിയനും ഇട്ടു   വരുന്നത് ഞാന്‍ കാണാറുണ്ട് ..

പിറ്റേന്ന് വയ്കിട്ടു എറണാകുളം എന്ന് ബോര്‍ഡ് കണ്ട വണ്ടിയില്‍ ചാടി കയറി. എറണാകുളത്ത് കെ എസ് ര്‍ ടി സി സ്റ്റാന്‍ഡില്‍ ഇറങ്ങി.
'അയ്യോ കണ്ടക്ടര്‍ ബാക്കി അഞ്ചു രൂപ തന്നില്ല, ശേ ചോദിക്കാനും മറന്നു.... സാരമില്ല ചായകുടി വേണ്ടാന്ന് വയ്ക്കാം'.
പോക്കറ്റില്‍ നിന്ന് ഒരു ഒരുരൂപ കോയിന്‍ എടുത്തു. "ഛെ ഇത്രേം വലിയ സിറ്റിയില്‍ ഒരു കോയിന്‍ ബോക്സ്‌  പോലുമില്ലേ....... " . അങ്ങനെ കൊറേ ദൂരം നടന്നപ്പോള്‍ കോയിന്‍ ബോക്സ്‌ കണ്ടു .

" ഡാ ഞാനെര്‍ണാകുളത്ത് എത്തി " .............

അവന്‍ ബൈക്കുമായി വന്നു. . . . . . . . .  ഞാനവന്റെ പിറകില്‍ കയറി പിടിച്ചിരുന്നു. എന്നാ പോക്കാ പോണേ പന്നി.
" ഡാ പയ്യെ പോടാ. ഇങ്ങനെ പോയാ അവിടെ ചെന്ന് കഴിയുമ്പോള്‍ ഞാന്‍ ബാക്കിലുണ്ടാകില്ല ഏതേലും ബസിന്റെ സൈഡില്‍ പറ്റിപിടിചിരുപ്പുണ്ടാവും ".
ഒരു വീടിന്റെ മുന്നില്കൊണ്ടേ നിര്‍ത്തി . സൂപ്പര്‍ വീട് ഇവന്മാരിവിടെ ഇത്രയ്ക്കു സെറ്റപ്പാ .. അവന്‍ കോളിങ്ങ്ബെല്‍ അടിച്ചു. ഈശ്വര ദേ ഒരു ചേച്ചി ഇറങ്ങി വരുന്നു. ഞാന്‍ കണ്ണ് മിഴിച്ചു അവരുടെ മുഖത്തേക്ക് നോക്കി. എന്റെ നോട്ടം കണ്ടു അവരും നോക്കി. അവരെന്തോ ഫൈസലിന്റെ കൈല്‍ കൊടുത്തു. ഞങ്ങളവിടുന്നു പുറത്തേക്കിറങ്ങി, അവന്‍ പറഞ്ഞു " ഡാ ഹൌസ് ഓണറാ, കീ തന്നതാ ". അതിന്റെ തൊട്ടടുത്ത വീട്ടിലെക്ക് ഞങ്ങള്‍ കയറി. അവന്‍ ഡോര്‍ തുറന്നു. പിന്നെ കണ്ടത് ഒരു സ്വര്‍ഗലോകം ആയിരുന്നു, മൊത്തത്തില്‍ ഒരു പൊക മയം . ങ്ങാഹാ ദൈവങ്ങളും   ഉണ്ടല്ലോ. അത് പ്രദീപും ഉമ്മുവും ആയിരുന്നു അവന്മാരിരിന്നു വലിക്കുന്നതാണ് പൊക. ഇവമാരിവടെ ഉണ്ടായിരുന്നോ......
പിന്നെയാ മനസിലായത്, അകത്തു നടക്കുന്ന പോക്കിരിത്തരങ്ങള്‍  ഹൌസ് ഓണര്‍ അറിയാതിരിക്കാനാണ് പുറത്തു പോകുന്നയാള്‍ പൂട്ടിയിട്ടു പോകുന്നതെന്ന്, അത്രേം നേരത്തേക്ക്  ഹൌസ് ഓണറുടെ ശല്യം ഉണ്ടാകില്ലല്ലോ. അവന്മാരുടെ മുമ്പില്‍ ഒരു കുപ്പിയുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു " ഡാ ഇത് മധ്യം അല്ലെ നിങ്ങളിത് കുടിക്കുവോ ". പിന്നെ അവിടെ ഒരു പൊട്ടിച്ചിരിയായിരുന്നു. ഞങ്ങളങ്ങനെ വര്‍ത്തമാനം പറഞ്ഞിരുന്നു. ഫുഡ് ഒക്കെ പുറത്തു നിന്ന് വാങ്ങിയിരുന്നു.

ഒരു ഒമ്പത് മണിയായി കാണും. പെട്ടന്ന്.   "....ഊത്തപ്പം വേണോ പെണ്ണെ ബോണ്ട വേണോ ഇക്കാസു ചേട്ടന്‍ തന്ന പുട്ടുവേണോ ..."  ഒന്നൂല്ല പ്രദീപിന്റെ ഫോണ്‍ റിംഗ് ചെയ്തതാ . അവനതും എടുത്തു പുറത്തേക്കു പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല അതിനുമുമ്പ് ഫൈസലിന്റെ ഫോണ്‍ ബെല്ലടിച്ചു, അവനും അതെടുതോണ്ട് പുറത്തേക്കു പോയി . ശെടാ ഈ പുറത്തെന്താ പരുപാടി, ഞാന്‍ പയ്യെ പുറത്തേക്കു ചെന്നു. പ്രദീപ്‌ ദാണ്ടേ ഭിത്തിയെക്കോടെ കേറുന്നു, ചെവില് ഫോണും ഉണ്ട്. ഫൈസലാണങ്കില്‍ ജനാലയില്‍ ഫോണ്‍ വച്ചിട്ട് രണ്ടു കയ്യും കാലും എടുത്താണ് സംസാരിക്കുന്നത്. ഞാന്‍ തിരിച്ചു അകത്തേക്ക് കയറി, അപ്പൊ ഉമ്മു ഞെളിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
"എന്താടാ എന്തുപറ്റി നീയെന്താ ചന്ദീം തള്ളിപിടിച്ചു ഞെളിഞ്ഞു നടക്കുന്നെ. "
"ഡാ നിനക്കറിയില്ല ഇപ്പൊ കുണ്ടിക്ക് നല്ല മാര്‍ക്കറ്റ.ഞാന്‍ കോളേജില്‍ ചെല്ലുമ്പോള്‍ നടക്കേണ്ടത്‌ എങ്ങനാന്നു ട്രെയിന്‍ ചെയ്യുവാ ". കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ഫോണും എടുത്ത് ഒരു സൈഡില്‍ പോയിരുന്നു. പക്ഷെ അവനൊന്നും സംസാരിക്കുന്നില്ല വെറുതെ അതിലേക്ക് നോക്കിയിരിക്കുവാ. ഞാനും ഒരു കോണിലൊതുങ്ങി. ഇനി അവന്മാര് കേറി വന്നിട്ട് സംസാരിക്കാം. ഞാനങ്ങനെ ഇരുന്നു. സമയം 10 ആയി, 12 ആയി, 1 മണിയും ആയി. ശേ അവന്മാരെന്തെടുക്കുവാ പോയൊന്നു നോക്കിയാലോ, ഹേയ് വേണ്ട, ഞാനാണെങ്കില്‍ തീരെ ദയിര്യം ഇല്ലാത്തയാള, വല്ലതും കണ്ടു പേടിച്ചാലോ. ഉമ്മുവാണെങ്കില്‍ കൂര്‍ക്കം വലിച്ചു തുടങ്ങി. അങ്ങനെ ഒന്നര ആയപ്പോഴേക്കും പ്രദീപ് കയറി വന്നു പക്ഷെ ഫോണ്‍ വച്ചിട്ടില്ല. അതേപടി വന്നു പോതപ്പെടുത്തു തലമൂടി. പിറകെ ഫൈസലും, അവനും ഫോണ്‍  വച്ചിട്ടില്ല, അതുപോലെ കേറി കിടന്നു. ശെടാ ഞാനിരുന്നത് വെറുതെയായോ. ഞാനും അവരുടെ ഒരു സൈഡില്‍ കൂടി .


പിറ്റേ ദിവസമാണ് അത് സംഭവിക്കുന്നത്‌, ഞങ്ങള് കറങ്ങനായി ഇറങ്ങി. എല്ലാവനും ജീന്‍സും ബനിയനും ഷൂ ഒക്കെയിട്ട് ഇറങ്ങി , പെര്‍ഫ്യുമും പൂശി. പക്ഷെ കുളിച്ചട്ടും ഇല്ല പല്ല് തേച്ചട്ടും ഇല്ല. ഉമ്മുവിന്‍റെ തലയിലാനെങ്കില്‍ ഏതാണ്ടൊക്കെ തൂത്തിട്ട്, വീട്ടിലെ കല്യാണി പശുവിന്റെ പോലെ രണ്ടു കൊമ്പ് കാണാം .

അങ്ങനെ അവടൊക്കെ ചുറ്റികറങ്ങി. ഉമ്മുവും പ്രദീപും നേരത്തെ വീട്ടിലെത്തി, ഞാനും ഫൈസലും എത്തിയപ്പോ ആറേഴുമണിയായി. വീട്ടില്‍ വന്നപ്പോള്‍ മൊത്തത്തില്‍ ഒരു നിഘൂടത. അവന്മാര് അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നുണ്ട്. ഞങ്ങള് ചെന്നപ്പോ ഫൈസലിന്റെ ചെവിയില്‍ ഉമ്മു എന്തോ പറഞ്ഞു.  അത് കേട്ടതും ഫൈസലിന്റെ മുഖത്തൊരു ഭയം നിഴലിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചോദിച്ചു "എന്താടാ എന്ത്‌പറ്റി ". "എയ് ഒന്നൂല്ലടാ ". അവന്‍ പുറത്തേക്കു പോയി നാലഞ്ചു പ്ലാസ്റ്റിക്‌ ബാഗ്സ് എടുത്തിട്ട് വന്നു. നേരെ അടുക്കളയിലേക്കു പോയി. ഞാനും പിറകെ ചെന്നു, അപ്പോഴേക്കും ഫൈസല് വന്നു പറഞ്ഞു " നീ അവിടെ പോയിരുന്നോ,  നീ അങ്ങോട്ട്‌ വരണ്ട ". 


അങ്ങനെ ഒമ്പത് മണിയാകാറായി. അവന്മാര് പയ്യെ വന്നു നിലത്തു റൂമിന്റെ ഓരോ മൂലക്കിലിരുന്നു. ഓരോ സിഗരെട്ടെടുത്തു വലിച്ചു തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല. ഞാന്‍ പതുക്കെ ശബ്ദം താഴ്ത്തി ചോദിച്ചു " എന്താടാ എന്താ പ്രശ്നം". ആരും ഒന്നും മിണ്ടീല്ല. പതിവുപോലെ പ്രദീപിന്റെയും, ഫൈസലിന്റെയും ഫോണ്‍ ബെല്ലടിച്ചു. പക്ഷെ അവന്മാര് ഫോണെടുത്തില്ല കട്ട് ചെയ്തു. ' ഒഹ് അപ്പൊ പ്രശ്നം സീരിയസാ . എന്റെ നെഞ്ചിടിപ്പ്‌ കൂടി. സമയം 11 മണിയായി പ്രദീപ്‌ ഏറ്റുപോയി ഒരു കുപ്പിയെടുത്തിട്ടു വന്നു. മൂന്നു ഗ്ലാസും, ഞാന്‍ കുടിക്കില്ലാന്നു അവന്മാര്‍ക്ക് അറിയാം.അതും കഴിച്ചോണ്ട് അങ്ങനെ ഇരുന്നു. ആരും ഒന്നും മിണ്ടുന്നില്ല, സിഗരറ്റ് തീരുമ്പോ തീരുമ്പോ എടുത്തു കണക്ട് ചെയ്യുന്നുണ്ട്.

ഏകദേശം ഒരു പന്ദ്രണ്ടര ആയിക്കാണും, ഫൈസല്‍ പതുക്കെ എണീറ്റ്‌ അടുക്കളയില്‍ പോയി നിറച്ചു വച്ച നാല് കറുത്ത പ്ലാസ്റ്റിക്‌ ബാഗുകള്‍ എടുത്തിട്ടു വന്നു. ഉമ്മുവും പ്രദീപും ചെന്ന് ഓരോന്ന് വാങ്ങി. ഫൈസല് എന്റെ നേരെ ഒന്ന് നോക്കി. ഞാനും ചെന്ന് നാലാമത്തെ കവര്‍ വാങ്ങി.
 " നീയും വരുന്നുണ്ടോ" ഫൈസല്‍ ചോദിച്ചു.
" വരണ്ടേ, അല്ല നിങ്ങളെങ്ങോട്ടാ "
" പുറത്തു വരെ "
" എല്ലാരും പോകുവാ... "
" ങ്ഹാ "
" എങ്കില്‍ ഞാനും വരാം ഒരു ദയിര്യത്തിനു "
" ഞങ്ങക്കാവശ്യത്തിനു ദയിര്യം ഒക്കെ ഉണ്ട് "
" അല്ല എന്റെ ഒരു ദയിര്യത്തിനു"

സമയം 12.45, രണ്ടു ബൈക്ക്, ഞങ്ങള്‍ നാലു പേര്, നാലു പ്ലാസ്റ്റിക്‌ കവറും പിടിച്ചു, കൊച്ചിയുടെ ഇടവഴികളിലൂടെ പൊയ്ക്കൊണ്ടിരുന്നു. റോഡരുകില്‍ തന്നെ ഒരു മതിലിനോട് ചേര്‍ത്ത് ബൈക്ക് നിര്‍ത്തി. ഫൈസല്‍ ഇറങ്ങി എല്ലാവരുടെയും കയ്യില്‍ നിന്ന് കവര്‍ വാങ്ങി, നിര നിരയായി മതിലിനോട് ചേര്‍ത്ത് വച്ച്, കണ്ടാല്‍ ആരാണെങ്കിലും ഒന്ന് നോക്കിപോകും അത്രയ്ക്ക് വൃത്തിയായിട്ടാണ് വച്ചിരിക്കുന്നത്.
" ഡാ ഇനി വിട്ടോ തിരിഞ്ഞു നോക്കണ്ട " ഫൈസല് പറഞ്ഞു. ഞങ്ങളങ്ങനെ തിരിച്ചു വിട്ടു. പോകുന്ന വഴിക്ക്  ഞാന്‍ തിരിഞ്ഞൊന്നു നോക്കി അവിടെ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു ' ഇവിടെ വേസ്റ്റ്‌ ഇടുന്ന  ഞാന്‍ ഒരു സാമൂഹ്യ ദ്രോഹിയും വൃത്തികെട്ടവനുമാണ് '

വീട്ടില്‍ ചെന്നിട്ടു ഞാന്‍ അവമാരോട് ചോദിച്ചു " ഡാ നമ്മളവിടെ വേസ്റ്റ്‌ കളയാന്‍ പോയതാ..  "
" അതേടാ " പ്രദീപ്‌ പറഞ്ഞു .
" അതിനാനോടാ നീയൊക്കെ എന്നെ ഇത്രേം പേടിപ്പിച്ചത്. " എന്നും പറഞ്ഞു മുമ്പില്‍ നിന്നവന്റെ വയറിനു നോക്കി ഒറ്റയിടി .......... വേണ്ടായിരുന്നു, ഇനി പാതിരാത്രി പോയി കുളിക്കണ്ടേ. അതോടെ ഞാനൊരു പാടം പഠിച്ചു വെള്ളമടിച്ചിരിക്കുന്നയാളുടെ വയറിനിടിക്കാന്‍ പാടില്ലാന്നു.

നേരം വെളുത്തു വരുന്നു. ആരോ കോളിംഗ് ബെല്ലില്‍ ഞെക്കി പിടിച്ചിട്ടുണ്ട്. ഞാന്‍ പയ്യെ തലപൊക്കി നോക്കി, അവന്മാരാരും അറിയുന്നുപോലുമില്ല. ഞാന്‍ പെയ്യെ എണീറ്റു. താഴതോട്ടു നോക്കിയ ഞാന്‍ നാണിച്ചു പോയി, എന്‍റെ മുണ്ട് കാണാനില്ല, ഞാന്‍ ചുറ്റിനും ഒന്ന് തപ്പി. കാണാനില്ല. അവന്മാരനെങ്കില്‍ പോതച്ചുമൂടി കൂര്‍ക്കം വലിച്ചാ ഉറങ്ങുന്നെ. തെണ്ടികള് അവന്മാര് പൊതച്ചേക്കുന്നത് എന്റെ മുണ്ടാ.
കഷ്ടപ്പെട്ട് പൊക്കിയെടുത്തു.

വാതില്‍ തുറന്നു, തിണ്ണയില്‍ നാല് കറുത്ത പ്ലാസ്റ്റിക്‌ കവര്‍ ഇരുപ്പുണ്ടായിരുന്നു പിറകിലായി മൂന്ന്നാല് ചെറിയ ചേട്ടന്മാരും ഓരോ ചെറിയ പത്തലും. ദൈവമേ എന്തോ പ്രശ്നം ഉണ്ടല്ലോ, അവന്മാരെ വിളിക്കാം. ഞാന്‍ തിരിഞ്ഞു നോക്കി. അവിടെ രണ്ടു ബെഡ് മാത്രം കിടപ്പുണ്ടായിരുന്നു. ശെടാ ഇത്രേം നേരം കൂര്‍ക്കം വലിചോണ്ടിരുന്നവന്മാര്,  എവിടെ പോയി.
പിന്നെ നോക്കിയപ്പോ ഞാന്‍ തറയില്‍ നിന്നു ഒത്തിരി ഉയരത്തില്‍ ഭിത്തിയോട് ചാരി നില്‍ക്കുന്നു, ഒരു കൈ എന്റെ കഴുത്തിലുണ്ട് ..............................................................................................................................

ബോധം വന്നപ്പോ മിനിമം 'റ' പോലെയിരുന്ന ഞാന്‍ ഇസട് പോലെയായി കിടക്കുന്നു. നാലു പ്ലാസ്റ്റിക്‌ കവറും എന്റെ നെജ്ഞത്തിരിപ്പുണ്ട് . അവന്മാരെന്റെ അരികിലുണ്ട്. ഞാന്‍ പയ്യെ തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കി, ' ഹോ അമല്‍ നീരദിന്റെ സിനിമേല്‍ പോലും ഇത്രേം സ്ലോമോഷന്‍ കാണില്ല '.
ഞാന്‍ എണീറ്റു നേരെ അകത്തു കേറി ഡ്രെസ് മാറി ബാഗുമെടുത്ത്‌ പുറത്തിറങ്ങി. അവന്മാരവിടെ എണീറ്റ്‌ തലകുനിച്ചു നിപ്പോണ്ട്. ഒന്നും മിണ്ടുന്നില്ല. ഞാന്‍ പതറിയ സ്വരത്തില്‍ പറഞ്ഞു
" ഡാ .. നിന്നെക്കാലോക്കെ ഭേദം എന്റെ തൂമ്പായും കല്യാണി പശുവുമാടാ ".
അപ്പഴും എന്റെ മുന്നില്‍ ആറു പേരുണ്ടായിരുന്നു . 2 ഫൈസലും, 2 പ്രദീപും, 2 ഉമ്മറും.

12 comments:

  1. വെയിസ്റ്റ്‌ ടിസ്പോസല്‍ ഇത്രക്ക് പ്രശ്നമാണോ?. കഥ നന്നായി. ആശംസകള്‍.

    ReplyDelete
    Replies
    1. ചില സമയത്ത് പ്രശനമാണ്,thank u for your comment

      Delete
  2. നന്നായിട്ടുണ്ടല്ലോ ബിബിന്‍. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. മാലിന്യനിര്‍മാര്‍ജനം നഗരത്തിലൊരു വലിയ പ്രശ്നം തന്നെയാണ് അല്ലേ?

    ReplyDelete
    Replies
    1. മാലിന്യം ഒരു പ്രശനമാണ് ചേട്ടാ.... പ്രതികരണം അറിയിച്ചതില്‍ വളരെ നന്ദി.

      Delete
  3. രസകരം .....വെസ്ടിട്ടു പോകുമ്പോള്‍ തിരിഞ്ഞു നോക്കരുത് എന്ന് ഇപ്പൊ മനസിലായില്ലേ...ആശംസകള്‍ .....

    ReplyDelete
    Replies
    1. ഇനി ശ്രദ്ധിക്കാം, പ്രതികരണത്തിന് നന്ദി.

      Delete
  4. സംഗതി കൊള്ളാല്ലോ...
    വേസ്റ്റ് അല്ലാട്ടോ കൊച്ചി,
    ഓ തന്നടെ മനു കണ്ട കൊച്ചി...

    കുര്യച്ചന്‍ ചേടായി പറഞ്ഞ കാര്യം ഒന്ന് ഗൌനിചോളുട്ടോ.

    ReplyDelete
  5. ങാ ഹാ അപ്പൊ നീയായിരുന്നോ ഞങ്ങടെ കൊച്ചീല്‍ വന്നു വേസ്റ്റ് ഇട്ടു പോയത്..? ഇപ്പൊ പുടി കിട്ടി.
    നന്നായി എഴുതി
    ആശംസകള്‍
    എന്തിനാ ഈ വേര്‍ഡ്‌ വെരിഫികേഷന്‍?അതെടുത്തു മാറ്റിക്കൂടെ?

    ReplyDelete