Thursday, April 18, 2013

ഞാൻ ഈ നാട്ടുകാരനല്ലേ ....

" ഹോ നമ്മുടെ നാടിന്റെ ഒരവസ്ത. ഈ ജനങ്ങളൊക്കെ എന്നാ ഇനി നന്നാവുക. എവിടെ നോക്കിയാലും പീഡനം തന്നെ. ബസിൽ പീഡനം, ട്രെയിനിൽ പീഡനം, വിമാനത്തിൽ പീഡനം. അല്ലെങ്കിലും മലയാളികള് പണ്ടേ ഇങ്ങനാ. പറയുമ്പോൾ ഭയങ്കര സംസ്കാരമുള്ള ആളുകളാണ് . ഈ ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ല. ഇവളുമാരുടെ ഒക്കെ ഒരു വേഷവും നടത്തവും കണ്ടാ ആരും ഒന്ന് പീഡിപ്പിച്ചു പോവും. ഇവർക്കൊക്കെ എന്താ കുറച്ചു മാന്യമായി ഡ്രസ്സ്‌ ധരിച്ചാൽ. ആ ഇറുകിയ ജീൻസും, ഇട്ടിട്ടുണ്ടെങ്കിലും ഇല്ലെന്നു തോന്നിപ്പിക്കുന്ന ടീഷർട്ടും. ഇതുങ്ങളെ ഒക്കെ പിടിച്ചു കെട്ടിയിട്ടു ചാട്ടവാറിനു തല്ലണം.  ഇന്നലെ ഫ്രെണ്ടിന്റെ അടുത്ത് , റോഡിലൂടെ പോയ കപ്പിൾസിനെ കാണിച്ചു കൊടുത്തപ്പോൾ അവൻ പറയുവാ, നീ എന്തിനാ ഇതൊക്കെ നോക്കാൻ പോണേന്ന് . അവനൊക്കെ അങ്ങനെ പറയാലോ, ഒരു ദിവസം അവന്റെ പെങ്ങളോ മറ്റൊ നടക്കുമ്പോ മനസിലാവും അതിന്റെ ബുദ്ധിമുട്ട്. എനിക്ക് അമ്മേം പെങ്ങമാരോക്കെ ഉള്ളതാ, എനിക്കിതൊന്നും കണ്ടില്ലെന്നു നടിക്കാൻ വയ്യ. ഇവർക്കൊക്കെ കല്യാണം കഴിച്ചിട്ട് ഒന്നിച്ചു നടക്ക്വോ, പാർകിൽ പോകുവോ, ഐസ്ക്രീം കഴിക്കുവോ എന്ത് വേണേലും ആയിക്കൂടെ. ഈ പറഞ്ഞ സ്ഥലത്തേക്കൊക്കെ ഒന്ന് ചെല്ലാൻ പറ്റാത്ത അവസ്ഥയായി, എന്തൊക്കെ കാണേണ്ടി വരും,...  ഹോ .... ഓർക്കുമ്പോൾ തന്നെ തല കറങ്ങുന്നു. ഇപ്പൊ ബിവറേജ് ക്യൂ വിൽ പോലും പെണ്ണുങ്ങളെ കാണാമത്രെ. ഓരോ പ്രാവശ്യം വരുമ്പോഴും ആ ചെകിട് നോക്കി ഒന്ന് പൊട്ടിക്കണം. പിന്നെ വരില്ല.

ഇപ്പൊ എല്ലാം ഫേസ് ബുക്കിൽ കയറിയിരിക്കുവല്ലേ, രാവിലെ ഏറ്റു പല്ല് തേക്കുന്നതിനു  മുമ്പേ ഫേസ് ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു തുടങ്ങും. അല്ല ഇവളുമാരെയൊക്കെ തലേ കയറ്റീ വച്ചിട്ടാ ഈ പ്രശ്നം. ഓരോ പോസ്റ്റിനും അഞ്ഞൂറും ആയിരോം ലൈക്‌ ഒക്കെയല്ലേ. ഇവളുമാരോടൊക്കെ സ്വന്തം ഫോട്ടോ ഇടരുതെന്നു എത്ര പറഞ്ഞാലും കേക്കില്ല. എന്നിട്ട് കുറച്ചു ദിവസം കഴിയുമ്പോ കാണാം എഡിറ്റ്‌ ചെയ്ത ഫോട്ടോകള് . പിന്നെ കരഞ്ഞിട്ടും പറഞ്ഞിട്ടും ഒന്നും ഒരു കാര്യമില്ല. എന്തിനാ ഈ പെണ്കുട്ടികള്ക്ക് ഫേസ് ബുക്ക്  അക്കൗണ്ട്‌ ഒക്കെ. ഒരാവശ്യവുമില്ല .

പെണ്‍കുട്ടികൾ അടങ്ങിയൊതുങ്ങി കഴിയുന്ന ഒരു കാലമുണ്ടായിരുന്നു ....... മം...  അതൊക്കെ പോയ്‌ . ഇന്നത്തെ കാലത്ത് എങ്ങനെ വിശ്വസിച്ചൊരു കല്യാണം കഴിക്കും. ഇന്നലെ ബസിൽ വന്നപ്പോൾ  രണ്ടു ആണുങ്ങൾ ഇരുന്ന സീറ്റിൽ ഒരാൾ ഏറ്റപ്പോൾ തന്നെ ഒരുത്തി ചാടികയറി അവിടിരിക്കുവാ. നമുടെ നാട്ടിൽ അങ്ങനൊരു ശീലത്തിന്റെ ആവശ്യമുണ്ടോ. അവരവരു തന്നെ അവരെ നോക്കണ്ടേ .....  "

like - 1000
share - 300
comment - 320

----------------------------------------------------------------------------------------------------------

" അളിയാ .... നീ എവിടാ, ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് ഞാനിന്നലെ ഒരു പോസ്റ്റ്‌ ഇട്ടില്ലേ.. .............  ഹാ മറ്റേ എന്റെ ഫേക്ക് ഐഡിയിൽ.... ..... ങ്ങാ  അത് തന്നെ, അതിനു ഒറ്റ ദിവസം കൊണ്ട്  1000 ലൈക്കായഡാ ........    300 ഷെയറും 320 കമന്റും..................... ഡാ ഡാ ...... ഒരു സെകണ്ടേ ........... ...... ഡാ ഞാനങ്ങോട്ടു വിളിക്കാം എനിക്കൊരു കാൾ വരുന്നുണ്ട് ..... "

"ഹായ് മൈ സ്വീറ്റ്, ഇന്നലെ എന്തെ വിളിക്കാഞ്ഞേ, ഞാൻ വിളിച്ചിട്ട് എടുത്തുമില്ലട്ടോ ...................
ഓ എന്നിട്ട് അവര് പോയോ, എനിക്ക് ശരിക്ക് മിസ്സ്‌ ചെയ്തൂട്ടോ.... മം പിന്നെ ......... നാളെയോ ......
എവിടെ മീറ്റ് ചെയ്യും, ഹേയ്  റെയിൽവെ സ്റ്റേഷനിൽ വേണ്ട............. മം ........... നീ ഗാന്ധി പാർക്കിലേക്ക് പോരെ ഞാനവിടെ ഉണ്ടാവും  ........... ....................... പിന്നെ നിനക്കാ ബ്ലൂ ടീ ഷർട്ട് നല്ല മാചാട്ടോ... ഒകെ ഡിയർ ലവ് യു.......   ബൈ ............................... പോവണോ ....... പതിവുള്ളത് ഇന്നില്ലേ.................. ഹ തന്നിട്ട് പോന്നെ................... താങ്ക് യു. അപ്പൊ നാളെ ഗാന്ധി പാർക്കിൽ കാണാം  "

Wednesday, July 4, 2012

19 ദിനരാത്രങ്ങള്‍


പോലീസുകാര്‍ കൈല്‍ പിടിച്ചു വാനിലേക്ക് കയറ്റുംബോഴും കെവിന്‍ ചോരയില്‍ കുളിച്ചു നിക്കുകയായിരുന്നു. സധാചാരവാദികളായ കുറെ നാട്ടുകാര്‍ ചെയ്ത പണിയാണ്. അത് പിന്നെ അങ്ങനെ ആണല്ലോ, ഒരാള്‍ തെറ്റുകാരനാണെന്ന് അറിഞ്ഞാല്‍ അവന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നാട്ടുകാര്‍ക്കാണല്ലോ . അവന്റെമേല്‍ കൈ വച്ചവരുടെ കൂടെ കള്ളനും, കൊള്ളക്കാരനും, വ്യഭിചാരിയും, കൊലpപാതകിയും എല്ലാം ഉണ്ടായിരുന്നു. അയാളെം  കൊണ്ട് വാന്‍ അകലേക്ക്‌ മറഞ്ഞു. രോക്ഷകുലരായ ജനങ്ങള്‍ അപ്പോഴും അവിടെ നില്‍പ്പുണ്ട്.

തന്നെ വധ ശിഷക്ക് വിധിചെന്നറിഞ്ഞിട്ടും അയാളുടെ മുഖത്ത് ഒട്ടും ഭാവവ്യത്യാസം തോന്നിയില്ല. ജെയിലില്‍  ചില സ്പെഷ്യല്‍ തടവുകാരെ മാത്രം കിടത്താറുള്ള ഒരു ബ്ലോക്ക്‌ ഉണ്ടായിരുന്നു, അതിനുള്ളിലേക്ക്‌ സൂപ്രണ്ട് അയാളേം കൊണ്ട് നടന്നു. കേറി വന്നപ്പോള്‍ കേട്ട ആരവം ഇപ്പോള്‍ കേള്‍ക്കാനില്ല. രണ്ടു സൈഡിലായി 12 സെല്ലുകള്‍ ഉള്ള ആ ബ്ലോക്കില്‍ ഒരു തടവുപുള്ളിപോലും ഉണ്ടായിരുന്നില്ല, അതിലെ ഏറ്റവും അവസാനത്തെ സെല്ലിന്റെ വാതില്‍ സൂപ്രണ്ട് തുറന്നു. കെവിന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. സെല്ലിന്റെ വാതിലടഞ്ഞു. പുറത്തെ ബ്ലോക്കിന്റെ വാതില്‍കൂടി അടച്ചപ്പോഴേക്കും, മൊത്തത്തില്‍ ഇരുട്ടായി. അയാളുടെ സെല്ലിന്റെ മുന്നിലായി ഒരു ബള്‍ബ്‌ ഉണ്ട് അതിന്റെ ഒരു ചെറിയ വെട്ടവും. ചില സമയത്ത് അതും കെടും. എപ്പോഴും തെളിഞ്ഞിരിക്കുന്ന ശീലം അതിനുണ്ടായിരുന്നില്ല.

ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു. മൂന്നു നേരം കിട്ടുന്ന ഭക്ഷണം ആണ് ഓരോ ദിവസവും കഴിഞ്ഞു എന്നറിയിക്കുന്നത്. മറ്റു തടവുപുള്ളികലെപോലെ ഫ്രീഡം ഇല്ല. പുറത്തേക്കു ഇറക്കുകയുമില്ല.
അപ്പോഴും അയാളുടെ മനസില്‍ ഒരു സംശയം ഉണ്ടായിരുന്നു . ' ഇതിനുമാത്രം എന്ത് തെറ്റാണു ഞാന്‍ ചെയ്തത് '...
സാഹചര്യങ്ങള്‍ കൊണ്ടും, അബദ്ധത്തിലും കുറ്റവാളികള്‍ ആകുന്നവരായിരുന്നു അവിടെ ഭൂരിഭാഗവും. സ്ഥിരമായി ക്രിമിനല്‍ മൈണ്ടുള്ളവര്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇറങ്ങിപോകും, കാരണം അവരെകൊണ്ട് ആവശ്യമുള്ളവര്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു.

അഴിയില്‍ ആരോ തട്ടുന്നത് കേട്ട് അയാള്‍ ഞെട്ടി എണീറ്റു. ഒരു പാത്രം അകത്തേക്ക് നിരങ്ങി വന്നു. ചപ്പാത്തിയാണ്, സമയം നേരം വെളുത്തിട്ടുണ്ടാവും. പെട്ടന്ന് പുറത്തെ ലൈറ്റും കെട്ടു. അയാള്‍ തപ്പി പിടിച്ചു   പാത്രം എടുത്തു. ഓരോ ദിവസത്തിനും നീളം കൂടുതലാണ്, ചില സമയം അതിനകത്തുകൂടി എഴുന്നേറ്റു നടക്കും, ചിലപ്പോള്‍ കിടന്നുറങ്ങും, ചിലപ്പോള്‍ അഴിയില്‍ പിടിച്ചു വെറുതെ പുറത്തേക്കു നോക്കി നില്‍ക്കും അപ്പോള്‍ കാണുന്നത് പുറത്തെ കാഴ്ച്ചകളായിരുന്നില്ല കഴിഞ്ഞ കാലത്തേ ഓര്‍മകളായിരുന്നു.

ഇപ്പോള്‍ അയാള്‍ വന്നിട്ട് 3 മാസം കഴിഞ്ഞു. താടിയും മുടിയുമൊക്കെ വല്ലാണ്ട് നീണ്ടു.
ആങ്ങനെയിരിക്കെ. ഒരു ദിവസം, ചോറുണ്ടുകൊണ്ടിരുന്നപ്പോള്‍ ഓപ്പോസിറ്റുള്ള സെല്ലിനകത്ത് ഒരനക്കം. ഒരെലിക്കുഞ്ഞു ഓടി അയാളുടെ അടുത്തേക്ക് വന്നു. പതിവില്ലാത്ത ഒരാളെ അതിനകത്ത് കണ്ടത് പോലെ, അതയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. പിന്നെ കുറച്ചു പിന്നോട്ടോടി വാതിലിനടുത്ത് പോയി നിന്നു. അയാള്‍ക്കും അത് ഒരു കൌതുകമായി തോന്നി. കുറച്ചു ചോറെടുത്ത് അയാളുടെ അടുത്ത് നിന്ന്  കുറച്ചു മാറ്റി വച്ചു. പകഷെ ആ ജീവി പുറത്തേക്കു ഓടി പോയി. അയാളുടെ മനസ്സില്‍ ചെറിയൊരു ബുദ്ധിമുട്ട് തോന്നി. കണ്ണുകളില്‍ ഉറക്കം വന്നു മൂടി. അയാള്‍ ഭിത്തിയോട് ചാരിയിരുന്നു. ചെറുതായൊന്നു മയങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പകുതി മങ്ങിയ കണ്ണുകളിലൂടെ അയാള്‍ ആ കാഴ്ച കണ്ടു. ആ എലിക്കുഞ്ഞ് മുമ്പേ ചോറ് വച്ചിരുന്ന സ്ഥലത്തുകൂടി ചുറ്റി പറ്റി നടക്കുന്നു. പക്ഷെ എന്ത് ചെയ്യാം, ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ അയാളത് വാരി പാത്രത്തിലിട്ട് പുറത്തു വച്ചിരുന്നു. ആരോ വന്നു ആ പാത്രം എടുത്തോണ്ട് പോയി. പാവം വിശക്കുന്നുണ്ടാവും, അയാളുടെ മനസ്സില്‍ വീണ്ടും ഒരു വിഷമം.........................................................

എന്താണെന്നറിയില്ല, പിറ്റേന്നും അയാള്‍ ചോറുന്ടുകൊണ്ടിരുന്നപ്പോള്‍ ആ എലിക്കുഞ്ഞ് വന്നു. അയാള്‍ക്ക് ഭയങ്കര സന്തോഷം. അയാള്‍ ചോറെടുത്ത് ഇന്നലെ വച്ചിടത്ത് തന്നെ വച്ചു. ഇപ്പ്രാവശ്യം എന്തായാലും അത് ഓടി വന്നു  ചോറ് പെറുക്കി തിന്നാന്‍ തുടങ്ങി. ഇന്നലെ കിട്ടാത്തതിന്റെ ദേഷ്യം അതിന്റെ കണ്ണുകളില്‍ കാണാമായിരുന്നു. അയാള്‍ ഭിത്തിയോട് ചേര്‍ന്ന്, അതുതിന്നുന്നതും നോക്കിയിരുന്നു. അവസാനം വന്ന ഒരു കിഴങ്ങ് കഷ്ണവും താങ്ങി അത് പുറത്തേക്കോടി.

അങ്ങനെ എല്ലാദിവസവും അയാള്‍ ആഹാരം കഴിക്കുമ്പോള്‍ അത് വന്നു തുടങ്ങി. ശരിക്കും അവര്‍ ഒരു നല്ല സുഹൃത്തുകളെ പോലായി. അയാളുടെ ഇരുണ്ട ദിനങ്ങള്‍ക്ക്‌ വേഗത കൂടിവന്നു. ഒരു പേരും അതിനു വീണു കിറ്റി.അയാള്‍ക്കു വീട്ടില്‍ ഒരു പൂച്ചയുണ്ടായിരുന്നു അതിന്റെ പേരായിരുന്നു കിറ്റി. ഒരു നേരത്തെ ആഹാരം കൊടുക്കുന്നതുകൊണ്ടോ എന്റ്തോ , അയാള്‍ കിറ്റി എന്ന് വിളിക്കുന്നത്‌ അതിനു മനസിലാകുന്നുണ്ടായിരുന്നു. പിന്നെ  പിന്നെ അയാളുടെ കൂടെ കിറ്റി കൂടുതല്‍ സമയം ചിലവിടാന്‍ തുടങ്ങി.

ഒരിക്കല്‍ കിറ്റി കയറി വന്നപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അതിനെ കണ്ടതും അയാള്‍ സംസാരിച്ചു തുടങ്ങി.
" ഹേയ് കിറ്റി. നിനക്കറിയുമോ ഞാനെന്തിനാ ഇവിടെ വന്നതെന്ന് ".
അയാള്‍ ആദ്യമായ് സംസാരിക്കുന്നതു കണ്ട കിറ്റി അയാളുടെ കൈല്‍കൂടി കയറി തോളില്‍ ചെന്ന് അനങ്ങാതിരുന്നു.
" ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നെന്നു നിനക്കറിയുമോ. ഒരു വര്‍ഷം ഞങ്ങളോന്നിച്ചു പ്രണയിച്ചു നടന്നു. പക്ഷെ അവളെന്നെ ഒരു മെഷിനായിട്ടാണ് കണ്ടത്, ചോദിക്കുമ്പോള്‍ കാശു തരുന്ന ഒരു മെഷീന്‍...................
ഒരു ദിവസം അവളെന്നോട് വീട്ടിലേക്കു വരാന്‍ പറഞ്ഞു. ഞാന്‍ വിചാരിച്ചു അവളെന്നെക്കുറിച്ച് വീട്ടില്‍ പറഞ്ഞു കാണുമെന്നു. പക്ഷെ ഞാന്‍ ചെന്നപ്പോള്‍ അവള് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു..............
ഞാന്‍ പിന്നെ വരാമെന്നും പറഞ്ഞിറങ്ങിയതാണ്. അവളാണ് എന്നെ പിടിച്ചിരുത്തിയത്. സംഭിക്കാന്‍ പാടില്ലാത്തതൊക്കെ സംഭവിച്ചു. അപ്പോഴാണ് അവളുടെ അച്ഛനും സുഹൃത്തുക്കളും കയറിവന്നത്, പിന്നെ പറയണോ. വീട്ടുകാരും നാട്ടുകാരും അറിഞ്ഞപ്പോള്‍ അവള് കളം മാറി. പിന്നെ കേസായി. എനിക്ക് ഇതെല്ലം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു......
കൊല്ലുക അല്ലാണ്ട് ഒരു മാര്‍ഗവും എനിക്ക് തോന്നിയില്ല........
അല്ല ഞാനിതൊക്കെ നീന്നോടെന്തിനാ പറയുന്നേ ". കിറ്റി  അയാളുടെ പോക്കറ്റിലേക്ക് ഓടി കയറി. അയാള്‍ ആ കൂരിരുട്ടില്‍ അയാളുടെ സങ്കടങ്ങളെല്ലാം  അതിനോട് പറയും. എല്ലാം കേള്‍ക്കുന്നതുപോലെ അത് അടുത്ത് വന്നിരിക്കും.

ചോറുതിന്നു കഴിയുമ്പോള്‍, മിച്ചം വരുന്ന എന്തെങ്കിലും എടുത്തതുകൊണ്ട് അത് പുറത്തേക്കു പോകും. ഇത് എന്നും കാണുന്ന കെവിന്‍, എടുത്തുകൊണ്ടു പോകാന്‍ പാകത്തിന് എന്തെങ്കിലും വച്ചുകൊടുക്കും. കെവിന്‍ ചോദിച്ചു
" ഹേയ് കിറ്റി, നിന്റെ വീട്ടില്‍ ആരോക്കെയുണ്ട്. ഞാന്‍ പറയട്ടെ .......... മം മം .... നീ കൊണ്ടുവരുന്ന ആഹാരവും നോക്കിയിരിക്കുന്ന കുട്ടികള്‍..... പിന്നെ .. പിന്നെ ..... നീ വരുന്നതും നോക്കിയിരിക്കുന്ന നിന്റെ ജീവിത സഖി ". ആ എലികുഞ്ഞു  അയാളുടെ കാല്‍പത്തിയോടു ചേര്‍ന്നിരുന്നു. . .
കുറച്ചു കഴിഞ്ഞപ്പോള്‍ കിറ്റി അയാളുടെ കാലിനിട്ടൊരു കടി. വേറൊന്നുമായിരുന്നില്ല അയാളുടെ കാലില്‍ ഒരു ഉറുമ്പ് കടിച്ചിരുപ്പുണ്ടായിരുന്നു.

പിറ്റേന്ന് ചോറു കിട്ടേണ്ട സമയമായിട്ടും കിട്ടിയില്ല. അയാള്‍ക്ക് ചെറുതായി വിശക്കുന്നുണ്ടായിരുന്നു. കിറ്റിയേയും കാണാനില്ല. അങ്ങനെ വിഷമിചിരുന്നപ്പോള്‍ ആരോ നടന്നുവരുന്ന ശബ്ദം കേട്ടു. ഭക്ഷണമായിരിക്കും അയാള്‍ കമ്പിയില്‍ പിടിച്ചു എഴുന്നേറ്റു നിന്നു. എപ്പോഴും ആഹാരം കൊണ്ടുവരാറുള്ള ആളായിരുന്നു. കെവിനേ കണ്ടതും അയാള്‍ അകലേന്നു പറഞ്ഞു. " ഇന്ന് ചോറില്ല, ഭക്ഷണത്തില്‍ ഒരു എലി വീണു ചത്തു ". അയാളുടെ ചങ്കിടിപ്പ് കൂടി. ഭക്ഷണം കിട്ടാത്തതിനാലായിരുന്നില്ല,  വീണത്‌ അയാളുടെ കിറ്റിയാണോയെന്നോര്‍ത്തായിരുന്നു. കണ്ണുകളില്‍ ഒരുതുള്ളി കണ്ണുനീര്‍ പൊടിഞ്ഞു. ആ റൂമിന്റെ ഇരുട്ട് കൂടിയ ഭാഗത്തേക്ക്‌ മാറി അയാളിരുന്നു......................... കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ കാലില്‍ എന്ധോ ഉരുമി. നോക്കിയപ്പോള്‍ കിറ്റി. അയാള്‍ സന്തോഷം കൊണ്ട് അതിനെ എടുത്തു നെഞ്ചോടു ചേര്‍ത്തുപിടിച്ചു. ......
കിറ്റി പോയി തനിക്കു ചോറ് വച്ചുതരാറുള്ള സ്ഥലത്തുകൂടി തപ്പി നടന്നു. പിന്നെ അയാളുടെ മുഖത്തേക്കൊന്നു നോക്കി. പിന്നെ പുറത്തേക്കൊരോട്ടം.
കുറച്ചു കഴിഞ്ഞപ്പോള്‍, കിറ്റി എന്തോ ഒന്ന് ഉരുട്ടികൊണ്ടു വരുന്നുണ്ട്. അയാള്‍ വാതിലിനടുത്തേക്ക് ചെന്നു. ഒരു ആപ്പിള്‍ ആയിരുന്നു. അതയാളുടെ മുമ്പില്‍ വച്ചിട്ട് കിറ്റി മാറിയിരുന്നു. സന്തോഷം കൊണ്ടയാള്‍ ഒന്ന് ചിരിച്ചു. അയാള്‍ക്ക്‌ വിശക്കുന്നുവെന്ന് അതിനു മനസിലായികാണും. അയാളതെടുത്തു  കഴിച്ചു തുടങ്ങി ഒരു കഷണം അതിന്റെ മുമ്പിലും വച്ചുകൊടുത്തു.

കിറ്റി അയാളുടെ കൂടെ ആ ഇരുട്ടിലേക്ക് വന്നിട്ട് 19 ദിനങ്ങള്‍ കഴിഞ്ഞു. പിറ്റേന്ന് ചപ്പാത്തിയും കഴിച്ചുകൊണ്ടിരുന്നപ്പോള്‍, എന്തോ അയാളുടെ സെല്ലിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. എന്താണെന്നു അയാള്‍ക്ക് മനസിലായില്ല. സെല്ലിന്റെ അഴിയില്‍ പിടിച്ചു അയാള്‍ എത്തി നോക്കി. അകലേന്നു എന്തോ നടന്നു വരുന്ന നിഴല്‍ കാണാം. അയാള്‍ വിളിച്ചു " കിറ്റീ ...". നിഴല്‍ അടുത്തെത്തി. ഒരുനിമിഷത്തെക്ക്  അയാളുടെ ചങ്കിടിപ്പ് നിലച്ചു. ഒരു പൂച്ച അയാളുടെ സെല്ലിനു മുന്നിലൂടെ നടന്നു പോയി. ഒന്നും മിണ്ടാതെ അനങ്ങാതെ കിറ്റി അതിന്റെ വായില്‍ ഇരുപ്പുണ്ടായിരുന്നു.

Tuesday, June 26, 2012

മനു ആദ്യമായി കണ്ട കൊച്ചി

ഞാന്‍ വീട്ടിലേക്കു കയറി ചെന്നന്നതും അമ്മ ഒരു പേപ്പറും പിടിച്ചോണ്ട് നില്കുന്നു. " എടാ നിനക്കൊരു ജോലി ശരിയായിട്ടുണ്ട് ''. ജോലിയോ എനിക്ക് ഭയങ്കര സന്തോഷം .
" എവിടെയാ ".
" എറണാകുളത്ത്. അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാ ". അത് കേട്ടതും എന്റെ ചങ്കിടിപ്പ് കൂടി
" ഞാന്‍ പോകൂല്ല ".
രണ്ടു ദിവസം വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളും എല്ലാം നിര്‍ബന്ധിച്ചു. അവസാനം ഞാന്‍ പറഞ്ഞു " നിങ്ങള് വേണേല്‍ എന്നെ അങ്ങ് കൊന്നോ, എന്നാലും ഞാന്‍ പോകൂല്ല കൊച്ചിക്ക്‌ ". പറയാന്‍ കാരണം ഒണ്ടേ. പറയാം
................................................................................

+2, സെക്കന്ടിയര്‍ ആയപ്പതോട്ടു മൂപ്പ് കയറിയതാണ് എങ്ങനെങ്ങിലും ഒരു സയന്റിസ്റ്റ് ആകണമെന്ന്  .  കണ്ടുപിടിത്തങ്ങളുടെ ഈ ലോകത്ത് എന്തെങ്കിലും സംഭാവന ചെയ്യണമെന്നു. വീട്ടുകാരാണെങ്കില്‍  എങ്ങനെങ്കിലും കുത്തിയിരുത്തി പഠിപ്പിച്ച് ഒരു ജോലിക്കയാക്കാനുള്ള പരുപാടി ആയിരുന്നു , ആരുടെയും അടിമയായി ജോലിചെയ്യാന്‍ എന്നെകിട്ടില്ല , എന്റെ ആഗ്രഹം മൊബൈല്‍ ഫോണിലൂടെ മനുഷ്യന് യാത്ര ചെയ്യാനുള്ള മാര്‍ഗം കണ്ടുപിടിക്കണം (സത്യമായിട്ടും matrix കണ്ടപ്പോള്‍ കിട്ടിയ ഐഡിയ അല്ലാട്ടോ ). എന്നിട്ടെന്തായി ..... എന്റെകൂടെ പഠിച്ചതില്‍ ഏറ്റവും ഗ്ലാമര്‍ ഉള്ള പെണ്‍കുട്ടി റിസള്‍ട്ട്‌ നോക്കാന്‍ വന്നപ്പോള്‍ എന്നോട് പറയുവാ, "ഡാ നീ തോറ്റു" എന്ന് . മനപ്പൂര്‍വ്വ, അല്ലെങ്കില്‍ പിന്നെ രണ്ടു വര്‍ഷം ഒന്നിച്ചു പഠിച്ചിട്ടു അവളെന്നോട് ആദ്യമായി സംസാരിക്കുന്നതാ . എന്തായാലും അവള് പറഞ്ഞത് സത്യമായിരുന്നു .

സേ പരീഷ എഴുതി, അത് തോറ്റു. പിറ്റേ രണ്ടു വര്‍ഷവും എഴുതി. അവസാനത്തേതും തൊറ്റന്നറിഞ്ഞു  വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു , " എടി നമ്മടെ പറമ്പോക്കെ അപ്പിടി കാടുപിടിച്ച് കിടക്കുവാ അല്ലെ"..... മനസിലായി ... ഞാന്‍ പയ്യെ ഭിത്തിയില്‍ ചാരിയിരിക്കുന്ന തൂമ്പ എടുത്തു .........


അങ്ങനെയിരിക്കെയാണ് ഫൈസല് വിളിക്കുന്നത്.
" ഡാ ഞങ്ങക്ക് രണ്ടൂസം അവധിയുണ്ട്‌  നീ വരുന്നോ എറണാകുളത്തിന്, നമ്മക്ക് ഒന്ന് കൂടാം, നീ അവിടെ വെറുതെ ഇരിക്കുവല്ലേ ".
ഹും വെറുതെയിരിക്കുന്നു പറമ്പില്‍ പണിതു പണിതു 'റാ' പോലെയായി ( ആത്മഗതം ) 
" ഡാ ഒരു സെകണ്ടേ ഞാന്‍ ഒന്ന് ഷര്‍ട്ട് ഇടട്ടെ "
" ഡാ ഇപ്പഴല്ല നാളെ,     നാളെ വ്യ്കിട്ടു ഇങ്ങു പോരെ "
" ഓ നാളെയാണോ. ശരിഡാ ഞാനവിടെ വന്നിട്ട് വിളിക്കാം. ഡാ പിന്നേ അവിടെ വേറെ ആരാ ഉള്ളത്  "
" മ്മടെ പ്രദീപും ഉമ്മുവും "
" ഓ അവര് നിന്റെകൂടെയാ .."
" അല്ലടാ ഞാന്‍ അവരുടെ കൂടെയാ "
" ഓ ...... ശരിഡാ ഞാനവിടെ വന്നിട്ട് വിളിക്കം "

ഫൈസല് എന്റെകൂടെ പ്ലസ്ടുവില്‍ പഠിച്ചതാ. അവനന്നു പിറകിലത്തെ ബന്ജിലായിരുന്നു , ഞാനാണേങ്കില്‍  പഠിക്കാനുള്ള ഉത്സാഹംകൊണ്ട് ഫസ്റ്റ് ബന്ജിലും. പ്രദീപും ഉമ്മുവും, എന്റെ കൂടെ ഹൈഗ്സ്കൂള്‍ വരെ പഠിച്ചതാ. ഉമ്മുവെന്നു ഞങ്ങളിട്ട പേരാ. ഉമ്മര്‍ എന്നാ ഒറിജിനല്‍.

അവനിപ്പോ ഡിഗ്രി ഫൈനലിയര്‍ ആണ് വല്ലതും ഇരുന്നു പടിക്കാനുള്ളതിനു.

അങ്ങനെ ഞാനാദ്യമായി എറണാകുളത്തിന് പോകുവാ, ആദ്യമായിന്ന് കേട്ട് നിങ്ങള്‍ ഞെട്ടണ്ട . ഹൈറെഞ്ചിന്റെ ഇങ്ങേ മൂലയില്‍ കിടക്കുന്ന ഞാനെങ്ങനെ ഏറണാകുളം കാണാനാ, അല്ലങ്കില്‍ പിന്നെ എറണാകുളം ഇങ്ങോട്ടുവരണം, ചെറിയ ചെറിയ എറണാകുളങ്ങളൊക്കെ ജീന്‍സും ബനിയനും ഇട്ടു   വരുന്നത് ഞാന്‍ കാണാറുണ്ട് ..

പിറ്റേന്ന് വയ്കിട്ടു എറണാകുളം എന്ന് ബോര്‍ഡ് കണ്ട വണ്ടിയില്‍ ചാടി കയറി. എറണാകുളത്ത് കെ എസ് ര്‍ ടി സി സ്റ്റാന്‍ഡില്‍ ഇറങ്ങി.
'അയ്യോ കണ്ടക്ടര്‍ ബാക്കി അഞ്ചു രൂപ തന്നില്ല, ശേ ചോദിക്കാനും മറന്നു.... സാരമില്ല ചായകുടി വേണ്ടാന്ന് വയ്ക്കാം'.
പോക്കറ്റില്‍ നിന്ന് ഒരു ഒരുരൂപ കോയിന്‍ എടുത്തു. "ഛെ ഇത്രേം വലിയ സിറ്റിയില്‍ ഒരു കോയിന്‍ ബോക്സ്‌  പോലുമില്ലേ....... " . അങ്ങനെ കൊറേ ദൂരം നടന്നപ്പോള്‍ കോയിന്‍ ബോക്സ്‌ കണ്ടു .

" ഡാ ഞാനെര്‍ണാകുളത്ത് എത്തി " .............

അവന്‍ ബൈക്കുമായി വന്നു. . . . . . . . .  ഞാനവന്റെ പിറകില്‍ കയറി പിടിച്ചിരുന്നു. എന്നാ പോക്കാ പോണേ പന്നി.
" ഡാ പയ്യെ പോടാ. ഇങ്ങനെ പോയാ അവിടെ ചെന്ന് കഴിയുമ്പോള്‍ ഞാന്‍ ബാക്കിലുണ്ടാകില്ല ഏതേലും ബസിന്റെ സൈഡില്‍ പറ്റിപിടിചിരുപ്പുണ്ടാവും ".
ഒരു വീടിന്റെ മുന്നില്കൊണ്ടേ നിര്‍ത്തി . സൂപ്പര്‍ വീട് ഇവന്മാരിവിടെ ഇത്രയ്ക്കു സെറ്റപ്പാ .. അവന്‍ കോളിങ്ങ്ബെല്‍ അടിച്ചു. ഈശ്വര ദേ ഒരു ചേച്ചി ഇറങ്ങി വരുന്നു. ഞാന്‍ കണ്ണ് മിഴിച്ചു അവരുടെ മുഖത്തേക്ക് നോക്കി. എന്റെ നോട്ടം കണ്ടു അവരും നോക്കി. അവരെന്തോ ഫൈസലിന്റെ കൈല്‍ കൊടുത്തു. ഞങ്ങളവിടുന്നു പുറത്തേക്കിറങ്ങി, അവന്‍ പറഞ്ഞു " ഡാ ഹൌസ് ഓണറാ, കീ തന്നതാ ". അതിന്റെ തൊട്ടടുത്ത വീട്ടിലെക്ക് ഞങ്ങള്‍ കയറി. അവന്‍ ഡോര്‍ തുറന്നു. പിന്നെ കണ്ടത് ഒരു സ്വര്‍ഗലോകം ആയിരുന്നു, മൊത്തത്തില്‍ ഒരു പൊക മയം . ങ്ങാഹാ ദൈവങ്ങളും   ഉണ്ടല്ലോ. അത് പ്രദീപും ഉമ്മുവും ആയിരുന്നു അവന്മാരിരിന്നു വലിക്കുന്നതാണ് പൊക. ഇവമാരിവടെ ഉണ്ടായിരുന്നോ......
പിന്നെയാ മനസിലായത്, അകത്തു നടക്കുന്ന പോക്കിരിത്തരങ്ങള്‍  ഹൌസ് ഓണര്‍ അറിയാതിരിക്കാനാണ് പുറത്തു പോകുന്നയാള്‍ പൂട്ടിയിട്ടു പോകുന്നതെന്ന്, അത്രേം നേരത്തേക്ക്  ഹൌസ് ഓണറുടെ ശല്യം ഉണ്ടാകില്ലല്ലോ. അവന്മാരുടെ മുമ്പില്‍ ഒരു കുപ്പിയുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു " ഡാ ഇത് മധ്യം അല്ലെ നിങ്ങളിത് കുടിക്കുവോ ". പിന്നെ അവിടെ ഒരു പൊട്ടിച്ചിരിയായിരുന്നു. ഞങ്ങളങ്ങനെ വര്‍ത്തമാനം പറഞ്ഞിരുന്നു. ഫുഡ് ഒക്കെ പുറത്തു നിന്ന് വാങ്ങിയിരുന്നു.

ഒരു ഒമ്പത് മണിയായി കാണും. പെട്ടന്ന്.   "....ഊത്തപ്പം വേണോ പെണ്ണെ ബോണ്ട വേണോ ഇക്കാസു ചേട്ടന്‍ തന്ന പുട്ടുവേണോ ..."  ഒന്നൂല്ല പ്രദീപിന്റെ ഫോണ്‍ റിംഗ് ചെയ്തതാ . അവനതും എടുത്തു പുറത്തേക്കു പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല അതിനുമുമ്പ് ഫൈസലിന്റെ ഫോണ്‍ ബെല്ലടിച്ചു, അവനും അതെടുതോണ്ട് പുറത്തേക്കു പോയി . ശെടാ ഈ പുറത്തെന്താ പരുപാടി, ഞാന്‍ പയ്യെ പുറത്തേക്കു ചെന്നു. പ്രദീപ്‌ ദാണ്ടേ ഭിത്തിയെക്കോടെ കേറുന്നു, ചെവില് ഫോണും ഉണ്ട്. ഫൈസലാണങ്കില്‍ ജനാലയില്‍ ഫോണ്‍ വച്ചിട്ട് രണ്ടു കയ്യും കാലും എടുത്താണ് സംസാരിക്കുന്നത്. ഞാന്‍ തിരിച്ചു അകത്തേക്ക് കയറി, അപ്പൊ ഉമ്മു ഞെളിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
"എന്താടാ എന്തുപറ്റി നീയെന്താ ചന്ദീം തള്ളിപിടിച്ചു ഞെളിഞ്ഞു നടക്കുന്നെ. "
"ഡാ നിനക്കറിയില്ല ഇപ്പൊ കുണ്ടിക്ക് നല്ല മാര്‍ക്കറ്റ.ഞാന്‍ കോളേജില്‍ ചെല്ലുമ്പോള്‍ നടക്കേണ്ടത്‌ എങ്ങനാന്നു ട്രെയിന്‍ ചെയ്യുവാ ". കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഒരു ഫോണും എടുത്ത് ഒരു സൈഡില്‍ പോയിരുന്നു. പക്ഷെ അവനൊന്നും സംസാരിക്കുന്നില്ല വെറുതെ അതിലേക്ക് നോക്കിയിരിക്കുവാ. ഞാനും ഒരു കോണിലൊതുങ്ങി. ഇനി അവന്മാര് കേറി വന്നിട്ട് സംസാരിക്കാം. ഞാനങ്ങനെ ഇരുന്നു. സമയം 10 ആയി, 12 ആയി, 1 മണിയും ആയി. ശേ അവന്മാരെന്തെടുക്കുവാ പോയൊന്നു നോക്കിയാലോ, ഹേയ് വേണ്ട, ഞാനാണെങ്കില്‍ തീരെ ദയിര്യം ഇല്ലാത്തയാള, വല്ലതും കണ്ടു പേടിച്ചാലോ. ഉമ്മുവാണെങ്കില്‍ കൂര്‍ക്കം വലിച്ചു തുടങ്ങി. അങ്ങനെ ഒന്നര ആയപ്പോഴേക്കും പ്രദീപ് കയറി വന്നു പക്ഷെ ഫോണ്‍ വച്ചിട്ടില്ല. അതേപടി വന്നു പോതപ്പെടുത്തു തലമൂടി. പിറകെ ഫൈസലും, അവനും ഫോണ്‍  വച്ചിട്ടില്ല, അതുപോലെ കേറി കിടന്നു. ശെടാ ഞാനിരുന്നത് വെറുതെയായോ. ഞാനും അവരുടെ ഒരു സൈഡില്‍ കൂടി .


പിറ്റേ ദിവസമാണ് അത് സംഭവിക്കുന്നത്‌, ഞങ്ങള് കറങ്ങനായി ഇറങ്ങി. എല്ലാവനും ജീന്‍സും ബനിയനും ഷൂ ഒക്കെയിട്ട് ഇറങ്ങി , പെര്‍ഫ്യുമും പൂശി. പക്ഷെ കുളിച്ചട്ടും ഇല്ല പല്ല് തേച്ചട്ടും ഇല്ല. ഉമ്മുവിന്‍റെ തലയിലാനെങ്കില്‍ ഏതാണ്ടൊക്കെ തൂത്തിട്ട്, വീട്ടിലെ കല്യാണി പശുവിന്റെ പോലെ രണ്ടു കൊമ്പ് കാണാം .

അങ്ങനെ അവടൊക്കെ ചുറ്റികറങ്ങി. ഉമ്മുവും പ്രദീപും നേരത്തെ വീട്ടിലെത്തി, ഞാനും ഫൈസലും എത്തിയപ്പോ ആറേഴുമണിയായി. വീട്ടില്‍ വന്നപ്പോള്‍ മൊത്തത്തില്‍ ഒരു നിഘൂടത. അവന്മാര് അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്നുണ്ട്. ഞങ്ങള് ചെന്നപ്പോ ഫൈസലിന്റെ ചെവിയില്‍ ഉമ്മു എന്തോ പറഞ്ഞു.  അത് കേട്ടതും ഫൈസലിന്റെ മുഖത്തൊരു ഭയം നിഴലിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചോദിച്ചു "എന്താടാ എന്ത്‌പറ്റി ". "എയ് ഒന്നൂല്ലടാ ". അവന്‍ പുറത്തേക്കു പോയി നാലഞ്ചു പ്ലാസ്റ്റിക്‌ ബാഗ്സ് എടുത്തിട്ട് വന്നു. നേരെ അടുക്കളയിലേക്കു പോയി. ഞാനും പിറകെ ചെന്നു, അപ്പോഴേക്കും ഫൈസല് വന്നു പറഞ്ഞു " നീ അവിടെ പോയിരുന്നോ,  നീ അങ്ങോട്ട്‌ വരണ്ട ". 


അങ്ങനെ ഒമ്പത് മണിയാകാറായി. അവന്മാര് പയ്യെ വന്നു നിലത്തു റൂമിന്റെ ഓരോ മൂലക്കിലിരുന്നു. ഓരോ സിഗരെട്ടെടുത്തു വലിച്ചു തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല. ഞാന്‍ പതുക്കെ ശബ്ദം താഴ്ത്തി ചോദിച്ചു " എന്താടാ എന്താ പ്രശ്നം". ആരും ഒന്നും മിണ്ടീല്ല. പതിവുപോലെ പ്രദീപിന്റെയും, ഫൈസലിന്റെയും ഫോണ്‍ ബെല്ലടിച്ചു. പക്ഷെ അവന്മാര് ഫോണെടുത്തില്ല കട്ട് ചെയ്തു. ' ഒഹ് അപ്പൊ പ്രശ്നം സീരിയസാ . എന്റെ നെഞ്ചിടിപ്പ്‌ കൂടി. സമയം 11 മണിയായി പ്രദീപ്‌ ഏറ്റുപോയി ഒരു കുപ്പിയെടുത്തിട്ടു വന്നു. മൂന്നു ഗ്ലാസും, ഞാന്‍ കുടിക്കില്ലാന്നു അവന്മാര്‍ക്ക് അറിയാം.അതും കഴിച്ചോണ്ട് അങ്ങനെ ഇരുന്നു. ആരും ഒന്നും മിണ്ടുന്നില്ല, സിഗരറ്റ് തീരുമ്പോ തീരുമ്പോ എടുത്തു കണക്ട് ചെയ്യുന്നുണ്ട്.

ഏകദേശം ഒരു പന്ദ്രണ്ടര ആയിക്കാണും, ഫൈസല്‍ പതുക്കെ എണീറ്റ്‌ അടുക്കളയില്‍ പോയി നിറച്ചു വച്ച നാല് കറുത്ത പ്ലാസ്റ്റിക്‌ ബാഗുകള്‍ എടുത്തിട്ടു വന്നു. ഉമ്മുവും പ്രദീപും ചെന്ന് ഓരോന്ന് വാങ്ങി. ഫൈസല് എന്റെ നേരെ ഒന്ന് നോക്കി. ഞാനും ചെന്ന് നാലാമത്തെ കവര്‍ വാങ്ങി.
 " നീയും വരുന്നുണ്ടോ" ഫൈസല്‍ ചോദിച്ചു.
" വരണ്ടേ, അല്ല നിങ്ങളെങ്ങോട്ടാ "
" പുറത്തു വരെ "
" എല്ലാരും പോകുവാ... "
" ങ്ഹാ "
" എങ്കില്‍ ഞാനും വരാം ഒരു ദയിര്യത്തിനു "
" ഞങ്ങക്കാവശ്യത്തിനു ദയിര്യം ഒക്കെ ഉണ്ട് "
" അല്ല എന്റെ ഒരു ദയിര്യത്തിനു"

സമയം 12.45, രണ്ടു ബൈക്ക്, ഞങ്ങള്‍ നാലു പേര്, നാലു പ്ലാസ്റ്റിക്‌ കവറും പിടിച്ചു, കൊച്ചിയുടെ ഇടവഴികളിലൂടെ പൊയ്ക്കൊണ്ടിരുന്നു. റോഡരുകില്‍ തന്നെ ഒരു മതിലിനോട് ചേര്‍ത്ത് ബൈക്ക് നിര്‍ത്തി. ഫൈസല്‍ ഇറങ്ങി എല്ലാവരുടെയും കയ്യില്‍ നിന്ന് കവര്‍ വാങ്ങി, നിര നിരയായി മതിലിനോട് ചേര്‍ത്ത് വച്ച്, കണ്ടാല്‍ ആരാണെങ്കിലും ഒന്ന് നോക്കിപോകും അത്രയ്ക്ക് വൃത്തിയായിട്ടാണ് വച്ചിരിക്കുന്നത്.
" ഡാ ഇനി വിട്ടോ തിരിഞ്ഞു നോക്കണ്ട " ഫൈസല് പറഞ്ഞു. ഞങ്ങളങ്ങനെ തിരിച്ചു വിട്ടു. പോകുന്ന വഴിക്ക്  ഞാന്‍ തിരിഞ്ഞൊന്നു നോക്കി അവിടെ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു ' ഇവിടെ വേസ്റ്റ്‌ ഇടുന്ന  ഞാന്‍ ഒരു സാമൂഹ്യ ദ്രോഹിയും വൃത്തികെട്ടവനുമാണ് '

വീട്ടില്‍ ചെന്നിട്ടു ഞാന്‍ അവമാരോട് ചോദിച്ചു " ഡാ നമ്മളവിടെ വേസ്റ്റ്‌ കളയാന്‍ പോയതാ..  "
" അതേടാ " പ്രദീപ്‌ പറഞ്ഞു .
" അതിനാനോടാ നീയൊക്കെ എന്നെ ഇത്രേം പേടിപ്പിച്ചത്. " എന്നും പറഞ്ഞു മുമ്പില്‍ നിന്നവന്റെ വയറിനു നോക്കി ഒറ്റയിടി .......... വേണ്ടായിരുന്നു, ഇനി പാതിരാത്രി പോയി കുളിക്കണ്ടേ. അതോടെ ഞാനൊരു പാടം പഠിച്ചു വെള്ളമടിച്ചിരിക്കുന്നയാളുടെ വയറിനിടിക്കാന്‍ പാടില്ലാന്നു.

നേരം വെളുത്തു വരുന്നു. ആരോ കോളിംഗ് ബെല്ലില്‍ ഞെക്കി പിടിച്ചിട്ടുണ്ട്. ഞാന്‍ പയ്യെ തലപൊക്കി നോക്കി, അവന്മാരാരും അറിയുന്നുപോലുമില്ല. ഞാന്‍ പെയ്യെ എണീറ്റു. താഴതോട്ടു നോക്കിയ ഞാന്‍ നാണിച്ചു പോയി, എന്‍റെ മുണ്ട് കാണാനില്ല, ഞാന്‍ ചുറ്റിനും ഒന്ന് തപ്പി. കാണാനില്ല. അവന്മാരനെങ്കില്‍ പോതച്ചുമൂടി കൂര്‍ക്കം വലിച്ചാ ഉറങ്ങുന്നെ. തെണ്ടികള് അവന്മാര് പൊതച്ചേക്കുന്നത് എന്റെ മുണ്ടാ.
കഷ്ടപ്പെട്ട് പൊക്കിയെടുത്തു.

വാതില്‍ തുറന്നു, തിണ്ണയില്‍ നാല് കറുത്ത പ്ലാസ്റ്റിക്‌ കവര്‍ ഇരുപ്പുണ്ടായിരുന്നു പിറകിലായി മൂന്ന്നാല് ചെറിയ ചേട്ടന്മാരും ഓരോ ചെറിയ പത്തലും. ദൈവമേ എന്തോ പ്രശ്നം ഉണ്ടല്ലോ, അവന്മാരെ വിളിക്കാം. ഞാന്‍ തിരിഞ്ഞു നോക്കി. അവിടെ രണ്ടു ബെഡ് മാത്രം കിടപ്പുണ്ടായിരുന്നു. ശെടാ ഇത്രേം നേരം കൂര്‍ക്കം വലിചോണ്ടിരുന്നവന്മാര്,  എവിടെ പോയി.
പിന്നെ നോക്കിയപ്പോ ഞാന്‍ തറയില്‍ നിന്നു ഒത്തിരി ഉയരത്തില്‍ ഭിത്തിയോട് ചാരി നില്‍ക്കുന്നു, ഒരു കൈ എന്റെ കഴുത്തിലുണ്ട് ..............................................................................................................................

ബോധം വന്നപ്പോ മിനിമം 'റ' പോലെയിരുന്ന ഞാന്‍ ഇസട് പോലെയായി കിടക്കുന്നു. നാലു പ്ലാസ്റ്റിക്‌ കവറും എന്റെ നെജ്ഞത്തിരിപ്പുണ്ട് . അവന്മാരെന്റെ അരികിലുണ്ട്. ഞാന്‍ പയ്യെ തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കി, ' ഹോ അമല്‍ നീരദിന്റെ സിനിമേല്‍ പോലും ഇത്രേം സ്ലോമോഷന്‍ കാണില്ല '.
ഞാന്‍ എണീറ്റു നേരെ അകത്തു കേറി ഡ്രെസ് മാറി ബാഗുമെടുത്ത്‌ പുറത്തിറങ്ങി. അവന്മാരവിടെ എണീറ്റ്‌ തലകുനിച്ചു നിപ്പോണ്ട്. ഒന്നും മിണ്ടുന്നില്ല. ഞാന്‍ പതറിയ സ്വരത്തില്‍ പറഞ്ഞു
" ഡാ .. നിന്നെക്കാലോക്കെ ഭേദം എന്റെ തൂമ്പായും കല്യാണി പശുവുമാടാ ".
അപ്പഴും എന്റെ മുന്നില്‍ ആറു പേരുണ്ടായിരുന്നു . 2 ഫൈസലും, 2 പ്രദീപും, 2 ഉമ്മറും.